Friday, October 16, 2009

അവതാരകഥ

ത്രേതായുഗം! മിഥിലയില്‍ നിന്നു പതിനേഴായിരം യോജന അകലെ വിശീര്‍ണ്ണാനദിക്കരുകില്‍ പാടകീര്‍ത്തനാ എന്നൊരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമത്തില്‍ കൃഷിയും കാലിമേയ്ക്കലുമായി കുറേ പാവം ജനങ്ങള്‍. നദിക്കരയില്‍, കാടിനോടുചേര്‍ന്ന് കുറേ സന്ന്യാസിമാര്‍ തപസ്സുചെയ്തിരുന്നു. ജനജീവിതത്തില്‍ സന്ന്യാസിമാരും, സന്ന്യാസജീവിതത്തില്‍ ജനങ്ങളും ഇടപെട്ടിരുന്നില്ല.
ഒരു തെളിഞ്ഞ പ്രഭാതം. ജനങ്ങള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. കിഴക്ക് വെള്ളകീറിയതിന്റെ ബാക്കി കഷണങ്ങള്‍ തറയില്‍ കിടപ്പുണ്ട്. എന്നത്തെയും പോലെ അന്നും കാക്കകള്‍ അന്നും കര്‍മ്മനിരതരായിരുന്നു. കാലത്തെ കാലിമേയ്ക്കാന്‍ പോകേണ്ട ഹസ്ബെന്റിനു ബ്രേക്‌ഫാസ്റ്റ് കൊടുത്തുവിടാന്‍ ജലമെടുക്കാന്‍ വന്നതായിരുന്നു മാരമേശ്വരി എന്ന യുവതി.( അതല്ല, ‘മറ്റെന്തോ ‘ ആവശ്യമായിരുന്നു എന്നും പറയുന്നുണ്ട്.) അവളുടെ ഒരുകയ്യില്‍ ഒരു കുടവും. ആ സമയത്താണ് ബഹുവ്രീഹികന്‍ എന്ന യുവസന്ന്യാസി പ്രഭാത ‘പ്രകൃതി പൂജ’യ്ക്കായി ധൃതിയില്‍ ആ വഴി വന്നത്. ഉണര്‍ന്നതേയുള്ളായിരുന്നു അദ്ദേഹം. ബൂട്ടിങ് നടക്കുന്നതേയുള്ളൂ. അറിയാതെ അദ്ദേഹം അവളുടെ മുന്നിലെത്തി. ഞെട്ടിപ്പോയ അവളുടെ കയ്യില്‍ നിന്ന് കുടം താഴെവീണു......ഉടഞ്ഞു...!
അമ്പരപ്പുമാറിയപ്പോള്‍ അവള്‍ കോപാക്രാന്തയായി. ഹാന്‍ഡ്‌ബ്രേക്കുകൂടി പിടിച്ച് , ‘പൂജാസമയം‘ തെറ്റാതിരിക്കാന്‍ പരിശ്രമിച്ച് , ഞെളിപിരി കൊണ്ടു നിന്ന മുനികുമാരനെ അവള്‍ ശപിച്ചു *#@്*\%$#**+%$#! പാവം മുനികുമാരന്‍ . അയാള്‍ കലികാലം വരെ കാത്തിരുന്ന്, മാവടിയില്‍ പിറന്നു; ബെന്നിച്ചനായി!

Tuesday, October 13, 2009

എഴുതിക്കാണിപ്പ്

ബെന്നിയില്‍നിന്ന് ബെന്നിക്കഥകളിലേക്കുള്ള ദൂരം, ആന്ധ്ര മുതല്‍ ഹൈരേഞ്ച് വരെയുള്ള ദൂരമാണ്. മൂടല്‍‌മഞ്ഞിന്റെ നാട്ടില്‍ സ്വെറ്റര്‍ പുതച്ചുനടന്ന ബെന്നി നടന്നു കയറിയത് കഥകളുടെ വയല്‍‌വരമ്പിലേക്കാണ്‌. നമ്മുടെ യാത്ര അവിടേയ്ക്കാണ്.
ഇതാ,